വാർദ്ധക്യം.

ചിന്തകളുടെ കോലായിൽ ഒറ്റപ്പെടുന്ന കാലം

അലസമായി നഷ്ടപ്പെടുത്തുന്ന യൗവ്വനത്തിന്റെ വില പലപ്പോഴും വാർദ്ധക്യത്തിലെത്തുമ്പോഴാണ് നമ്മൾ തിരിച്ചറിയുന്നത്. ഓരോ വാർദ്ധക്യവും ശൈശവത്തിലേക്കുള്ള ഒരു തിരിച്ചുപോക്കാണ്. യുവത്വത്തിന്റെ തിളപ്പിൽ ജീവിതം ആഘോഷിക്കുമ്പോൾ, നാളെ നമ്മെ കാത്തിരിക്കുന്ന വാർദ്ധക്യത്തെക്കുറിച്ച് നാം എത്രമാത്രം ബോധവാന്മാരാണ്?

യൗവ്വനത്തിൽ നിന്ന് വാർദ്ധക്യത്തിലേക്കുള്ള യാത്ര ആരംഭിക്കുന്നതിന് മുമ്പ് ശരീരം ചില സൂചനകൾ നൽകാറില്ലേ? അവിടവിടെയായി കണ്ടുതുടങ്ങുന്ന നര, വായിക്കുമ്പോഴോ ദൂരേക്ക് നോക്കുമ്പോഴോ അനുഭവപ്പെടുന്ന കാഴ്ചയുടെ മങ്ങൽ, കുറച്ചുനേരം ഇരുന്നശേഷം എഴുന്നേൽക്കുമ്പോൾ തോന്നുന്ന ചെറിയ വേദനകൾ… ഇവയൊക്കെയും വാർദ്ധക്യം നമ്മിലേക്ക് അടുക്കുന്നുവെന്ന ഓർമ്മപ്പെടുത്തലുകളല്ലേ?

യുവത്വത്തിൽ അനായാസം ചെയ്തിരുന്ന പല കാര്യങ്ങളും വാർദ്ധക്യത്തിൽ വെറും ഓർമ്മകളായി മാറുന്നു. ദിനചര്യകൾക്കുപോലും മറ്റുള്ളവരുടെ സഹായം ആവശ്യമായി വരുന്ന അവസ്ഥയാണ് വാർദ്ധക്യത്തെ പലർക്കും ഇഷ്ടമില്ലാത്ത കാലഘട്ടമാക്കുന്നത്. മനസ്സ് എത്തുന്നിടത്ത് ശരീരം എത്താതെ പോകുന്ന അവസ്ഥയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിക്കാനും വെള്ളം കുടിക്കാനും, എന്തിന് ഒന്ന് എഴുന്നേറ്റ് നിൽക്കാൻ പോലും മറ്റൊരാളുടെ സഹായം ആവശ്യമായ സാഹചര്യം. അതിന്റെ തീവ്രത യഥാർത്ഥത്തിൽ അനുഭവിച്ചറിയേണ്ട ഒന്നാണ്.

യുവത്വത്തിൽ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യം പ്രായമായവരെ സ്നേഹത്തോടെയും കരുതലോടെയും ശുശ്രൂഷിക്കുകയാണ്. അതോടൊപ്പം, നമുക്കും നാളെ ഈ അവസ്ഥ വരുമെന്ന ബോധ്യത്തോടെ മറ്റുള്ളവരെ വിഷമിപ്പിക്കാതെ ജീവിക്കാനും പഠിക്കണം.

വാർദ്ധക്യത്തിൽ ഓർത്താസ്വദിക്കാൻ കഴിയുന്ന ഓർമ്മകൾ സൃഷ്ടിക്കേണ്ട കാലമാണ് യുവത്വം. ഇന്ന് നാം കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും നാളെ ഓർത്തു ചിരിക്കാൻ കഴിയുന്ന നിമിഷങ്ങളായിരിക്കും. അതേസമയം, രക്തത്തിളപ്പിന്റെ ആവേശത്തിൽ ചെയ്യുന്ന ചില പ്രവൃത്തികൾ വാർദ്ധക്യത്തിൽ കണ്ണുനനയിക്കുന്ന പശ്ചാത്താപങ്ങളായി മാറാനും ഇടയുണ്ട്. ഒരുപക്ഷേ, ഉറക്കെ കരയാൻ പോലും കഴിയാത്തവിധം അവ നമ്മെ വേട്ടയാടിയേക്കാം.

ഇന്നത്തെ നമ്മുടെ പ്രവൃത്തികളാണ് നാളെ നമ്മൾ ചിരിക്കണോ കരയണോ എന്ന് തീരുമാനിക്കുന്നത്. ഇന്ന് നാം വൃദ്ധരോട് എങ്ങനെ പെരുമാറുന്നുവോ, അതുപോലെത്തന്നെയാകും നാം വൃദ്ധരാകുമ്പോൾ അന്നത്തെ യുവതലമുറ നമ്മോടും പെരുമാറുക.

നമ്മുടെ വാർദ്ധക്യത്തിൽ നമുക്ക് കൂട്ടാളികളുണ്ടാകണോ, അതോ കൂട്ടിലടക്കപ്പെടണോയെന്ന് ഇന്ന് തന്നെ ചിന്തിക്കാം. നാം വാശിയോടെ വലിച്ചെറിയുന്ന പലതിന്റെയും മൂല്യം മനസ്സിലാക്കാൻ കാലം ഒരു ദിവസം കാത്തുവെക്കും. ഒരുപക്ഷേ, അന്നത് മൂല്യമറിയുന്ന മറ്റാരുടെയോ സ്വന്തമായിരിക്കാം.

ഓർമ്മകളുടെ കോലായിൽ അനാഥരാകുന്ന നിമിഷങ്ങൾ വരാതിരിക്കാൻ, ഇന്ന് തന്നെ നല്ല ഓർമ്മകളെ ജീവിതത്തിലേക്ക് കൂട്ടിച്ചേർക്കാം.

നാമിന്ന് അനാവശ്യമായി ചിലവഴിക്കുന്ന പലതും നാളെ നമ്മുടെ അത്യാവശ്യങ്ങളായി മാറിയേക്കാം.

നിങ്ങളോടെന്നപോലെ എന്നോടുമുള്ള ഒരു ഓർമ്മപ്പെടുത്തൽ.

വാർദ്ധക്യം ഒരു ശാപമല്ല; അത് യുവത്വം എങ്ങനെ ജീവിച്ചുവെന്നതിന്റെ പ്രതിഫലനമാണ്.